Wednesday, May 3, 2017

മലയാളം 3


സമാസം 

വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്ത്  എഴുതുന്നതിനെ സമാസം എന്ന് പറയുന്നു. ആദ്യ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തെ പദത്തെ ഉത്തരപദം എന്നും പറയുന്നു. സമാസത്തെ നാലായി തിരിച്ചിരിക്കുന്നു.

1. അവ്യയീഭാവൻ : പൂർവ്വ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യം വരുന്ന സമാസം. ഉദാഹരണം "സാദരം" എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ "സ ആദരം" എന്നും അർത്ഥം "ആദരവോടെ" എന്നും ആകുന്നു. "ഓടെ" എന്ന് അർത്ഥം വരുന്ന "സ" എന്ന പൂർവ്വ പദത്തിന് പ്രാധാന്യം. 

പ്രതിവർഷം, യഥാശക്തി, അനുദിനം 

2. തത്പുരുഷൻ : ഉത്തരപദത്തിൻറെ അർത്ഥത്തിന് പ്രാധാന്യം. ആനക്കൊമ്പ് എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ ആനയുടെ കൊമ്പ് എന്നാണ് വരുന്നത്. ഉത്തരപദമായ കൊമ്പ് എന്ന ശബ്ദത്തിന് പ്രാധാന്യം.

ഉദാഹരണം : പുഷ്പബാണം, ദിനംപ്രതി 

തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.

2.1. കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്ന തത്പുരുഷ സമാസം 

ഉദാ: നീലാകാശം (നീലയായ ആകാശം), സൗമ്യശീല (സൗമ്യമായ ശീലമുള്ളവൾ)

2.2. ദ്വിഗുസമാസം : പൂർവ്വപദം ഒരു സംഖ്യയെ സൂചിപ്പിക്കുന്ന തത്പുരുഷൻ 

ഉദാ: ചതുർവേദം, പഞ്ചലോഹം 

2.3.ഇതരേതര ദ്വിഗുസമാസം : പൂർവ്വപദം സംഖ്യാവിശേഷണം വരുന്നതും ബഹുവചന രൂപത്തിലുള്ളതുമായ സമാസം.

ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ 

2.4. ഉപമിത തത്പുരുഷൻ : പൂർവ്വ ഉത്തരപദങ്ങൾ സാദൃശ്യം തോന്നിപ്പിക്കുന്നത്. "പോലെ" എന്ന ഇടനില 

ഉദാ: തേന്മൊഴി (തേൻ പോലുള്ള മൊഴി), പൂവുടൽ (പൂവ് പോലുള്ള ഉടൽ)

2.5. രൂപക തത്പുരുഷൻ : "ആകുന്നു" എന്ന ഇടനില ഉപയോഗിക്കുന്ന സമാസം 

ഉദാ: മിഴിപ്പൂക്കൾ (മിഴികളാകുന്ന പൂക്കൾ), പാദപത്മം 

2.6. മാധ്യമപദലോപി : മധ്യപദം ലോപിക്കുന്ന തത്പുരുഷൻ. അർത്ഥം ഉണ്ടാക്കുന്ന മധ്യ പദത്തിനെ ഒഴിവാക്കി പൂർവ്വ ഉത്തര പദങ്ങൾ ചേർത്തെഴുതുന്നു. 

ഉദാ: തണൽമരം (തണൽ തരുന്ന മരം), ആവിക്കപ്പൽ 

3. ബഹുവ്രീഹി : ഉത്തര പൂർവ്വ പദങ്ങൾ അല്ലാതെ ഒരു അന്യപദത്തെ അർത്ഥമാക്കുന്ന സമാസം 

ഉദാ: താമരക്കണ്ണൻ, പദ്മനാഭൻ, അംബുജാക്ഷൻ (അംബുജം പോലെ മിഴികൾ ഉള്ളവൻ ആരോ അവൻ)

4. ദ്വന്ദ്വസമാസം : പൂർവ്വ ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യം 

ഉദാ: കൈകാലുകൾ, രാപ്പകൽ 

സന്ധി 

വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധികൾ. ഇവ പ്രധാനമായും നാല് വിധം 

1. ആഗമസന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ചേരുന്നത് 

ഉദാ:

തിരു + ഓണം = തിരുവോണം (വ് ആഗമിച്ചു)

അ + അൻ = അവൻ (വ് ആഗമിച്ചു)

കരി + കുരങ്ങ് = കരിങ്കുരങ് (ങ് ആഗമിച്ചു)

കൈ + ആമം = കൈയാമം (യ് ആഗമിച്ചു)

2. ആദേശ സന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊരെണ്ണം വരുന്നത് ആദേശം 

ഉദാ:

വിൺ + തലം = വിണ്ടലം (ത കാരം പോയി ട കാരം വന്നു)

നൽ + മ = നന്മ (ൽ വർണ്ണം പോയി ൻ വർണ്ണം വന്നു)

കൺ + തു = കണ്ടു (ത കാരം പോയി ട കാരം വന്നു)

നിലം + അറ = നിലവറ (അം കാരം പോയി വ കാരം വന്നു)

3. ലോപസന്ധി : രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിൽ ഒരെണ്ണം ഇല്ലാതാകുന്നത്(ലോപിക്കുന്നത്)

ഉദാ:

ചൂട് + ഇല്ല = ചൂടില്ല (ചന്ദ്രക്കല ലോപിച്ചു)

കാണുന്നു + ഇല്ല = കാണുന്നില്ല (ഉ കാരം ലോപിച്ചു)

വെള്ള + ഇല = വെള്ളില (അ കാരം ലോപിച്ചു)

4. ദ്വിത്വസന്ധി : ഒരു വർണ്ണം ഇരട്ടിക്കുന്നത് 

ഉദാ:

തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)

മുട്ട + തോട് = മുട്ടത്തോട് (ത ഇരട്ടിച്ചു)

നീല + കണ്ണ് = നീലക്കണ്ണ് (ക ഇരട്ടിച്ചു)

മുൻ വർഷ ചോദ്യങ്ങളിലൂടെ

1. താഴെ തന്നിരിക്കുന്നവയിൽ ആഗമ സന്ധിക്ക് ഉദാഹരണം (LDC Alappuzha 2014)

a) വിണ്ടലം       b)  അക്കാലം     c) തിരുവോണം     d) കണ്ടില്ല 

ഉത്തരം : തിരുവോണം 

2. കാടിൻറെ മക്കൾ എന്നതിലെ സമാസം (LDC Kottayam 2014)

a) ദ്വന്ദ്വസമാസം       b) ബഹുവ്രീഹി      c) കർമ്മധാരയൻ      d) തത്പുരുഷൻ 

ഉത്തരം : തത്പുരുഷൻ 

3. ദ്വിഗു സമാസത്തിന് ഉദാഹരണം (LDC Idukki 2014)

a) അടിച്ചു തളി     b) പ്രഥമ ധർമ്മം    c) മീൻ പിടിക്കുക     d) ചലച്ചിത്രം 

ഉത്തരം : പ്രഥമ ധർമ്മം 

4. കണ്ടുവെങ്കിൽ ഇതിലെ സന്ധി (LDC Ernakulam 2014)

a) ആദേശ സന്ധി     b) ലോപ സന്ധി      c) ആഗമ സന്ധി      d) ദിത്വ സന്ധി 

ഉത്തരം : ആഗമസന്ധി 
                                                                                                           (തുടരും)

1 comment:

  1. മലയാളം ബാക്കി ഭാഗങ്ങൾ എവിടെ??

    ReplyDelete