Tuesday, May 2, 2017

മലയാളം 2



വിഭക്തി

നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനായി ചേർക്കുന്ന രൂപങ്ങളാണ് വിഭക്തികൾ. ഏഴ് വിഭക്തികൾ ആണ് മലയാളത്തിൽ ഉള്ളത്. പ്രശസ്തമായ "നിപ്രസം ഉപ്രസം ആ" എന്ന ചുരുക്കെഴുത്തിൽ പറയാറുള്ള അവ താഴെ പറയുന്നവയാണ് 

വിഭക്തി                       പ്രത്യയം                       ഉദാഹരണം

നിർദ്ദേശിക                  പ്രത്യയം ഇല്ല             മനുഷ്യൻ

പ്രതിഗ്രാഹിക            എ, ഏ                           മനുഷ്യനെ

സംയോജിക                 ഓട്, ഒട്                        മനുഷ്യനോട്

ഉദ്ദേശിക                        ക്ക്, ന്                             മനുഷ്യന്, സ്ത്രീക്ക്

പ്രയോജിക                   ആൽ                              മനുഷ്യനാൽ

സംബന്ധിക                   ൻറെ, യുടെ                 മനുഷ്യൻറെ

ആധാരിക                      ഇൽ, കൽ                     മനുഷ്യനിൽ

* എന്തിനെ? ആരെ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പ്രതിഗ്രാഹിക വിഭക്തി നൽകുന്നത്. എന്നാൽ നപുംസക ശബ്ദങ്ങളിൽ പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമായ "എ" ചേർക്കേണ്ട ആവശ്യമില്ല

ഉദാ: വെള്ളം കുടിച്ചു, ദൈവത്തെ കണ്ടു

* ആരോട്? എന്തിനോട്? എന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് സംയോജിക നൽകുന്നത്

ഉദാ: അവളോട്

* ഉദ്ദേശിക്കുന്നത് ആർക്ക്? എന്തിന്? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഉദ്ദേശിക നൽകുന്നത്

ഉദാ: അവൾക്ക്

* ഒരു കാരണത്തെ സൂചിപ്പിക്കുന്നതാണ് പ്രയോജിക. എന്തിനാൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് നൽകുന്നത്

ഉദാ: അവനാൽ

* ആരുടെ എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ് സംബന്ധിക

ഉദാ: അവളുടെ

* എന്തിൽ ആണ് ആധാരമായി ഇരിക്കുന്നത് എന്നതാണ് ഈ വിഭക്തി നൽകുന്നത്

ഉദാ: അവളിൽ

തദ്ധിതം

നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങളാണ് തദ്ധിതങ്ങൾ. തദ്ധിതങ്ങളെ ആറായി തിരിച്ചിരിക്കുന്നു.

1. തന്മാത്രാ തദ്ധിതം : ഒരു ഗുണത്തെ മാത്രം എടുത്ത് കാണിക്കുന്ന തദ്ധിതം. ഗുണം, നാമം, സർവ്വനാമം, വിശേഷണം ഇവയോടാണ് ഈ തദ്ധിതം ചേരുന്നത്. മ, ആയ്മ, തം, തരം, തനം എന്നീ ശബ്ദങ്ങൾ ആണ് ഉപയോഗിക്കുന്നത്  

ഉദാ: പുതുമ, പോരായ്മ, ഗുരുതരം, കേമത്തം, 

2. തദ്വത്ത് തദ്ധിതം : അതുള്ളത്, അതുപോലുള്ളത്, അവിടെ നിന്നും വന്നിട്ടുള്ളത് എന്നീ അർത്ഥ വിശേഷങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്നു. വൻ, വൾ, ആൾ, ആളൻ, ആളി, അൻ, കാരൻ, കാരി, കാരത്തി ഇവയെല്ലാം പ്രത്യയങ്ങളാണ്.

ഉദാ: കൂനൻ, വേലക്കാരൻ, മലയാളി, വടക്കൻ, മടിയൻ 

3. നാമനിർമ്മയി തദ്ധിതം : അൻ, അൾ, തു എന്നീ പ്രത്യയങ്ങൾ പേരെച്ചത്തോട് ചേർത്തുണ്ടാക്കുന്നത് 

ഉദാ: കണ്ടവൻ, കണ്ടവൾ, കണ്ടത്, വെളുത്തവൻ, വെളുത്തവൾ, വെളുത്തത് 

4. പൂരണിതദ്ധിതം : സംഖ്യാ ശബ്ദത്തിൽ നിന്നും തദ്ധിതം ഉണ്ടാക്കുന്നതാണ് പൂരണിതദ്ധിതം. ആം, ആമത്തെ എന്നീ പ്രത്യയങ്ങൾ ചേർക്കും 

ഉദാ: ഒന്നാം, ഒന്നാമത്തെ 

5. സംഖ്യാ തദ്ധിതം : സംഖ്യാ വിശേഷണങ്ങളിൽ ലിംഗവചനങ്ങൾ ചേർത്ത് ഉള്ള ശബ്ദം. വൻ, വൾ, വർ എന്നിവയാണ് പ്രത്യയങ്ങൾ

ഉദാ: ഒരുവൻ, ഒരുവൾ, മൂവർ

6. സാർവനാമിക തദ്ധിതം : സ്ഥലം, കാലം, ദേശം, പ്രകാരം, അളവ് ഇവ കുറിക്കാൻ സർവ്വനാമങ്ങളോട് പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന രൂപങ്ങൾ

ഉദാ: അങ്ങ്, ഇങ്ങ്, അത്, അത്ര, അപ്പോൾ

വചനം 

നാമം ഒന്നിനെയാണോ അതിൽ അധികമാണോ എന്ന് സൂചിപ്പിക്കാൻ വചനം ഉപയോഗിക്കുന്നു. ഏക വചനം, ബഹുവചനം എന്നിങ്ങനെ രണ്ടു തരം

1. ഏകവചനം : ശബ്ദം ഒന്നിനെ ആണ് കുറിക്കുന്നതെങ്കിൽ ഏകവചനം

ഉദാ: മനുഷ്യൻ, കുതിര

2. ബഹുവചനം : ഒന്നിലധികം രൂപങ്ങളെ കുറിക്കുന്നത്. സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

2.1. സലിംഗ ബഹുവചനം : സ്ത്രീ, പുരുഷൻ ഇതിൽ ഏതെങ്കിലും ഒന്നിൻറെ ബഹുത്വത്തെ സൂചിപ്പിക്കുന്നു. മാർ, കൾ എന്നിവ പ്രത്യയങ്ങളാണ്. അവയെ വീണ്ടും താഴെ പറയുന്ന രീതിയിൽ തിരിച്ചിരിക്കുന്നു.

2.1.1. പുല്ലിംഗ ബഹുവചനം : പുരുഷ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.

ഉദാ: സുന്ദരന്മാർ, ആശാരിമാർ

2.1.2. സ്ത്രീലിംഗ ബഹുവചനം : സ്ത്രീ ശബ്ദങ്ങളെ സൂചിപ്പിക്കുന്നു.

ഉദാ: വനിതകൾ, അമ്മമാർ

2.1.3. നപുംസക ബഹുവചനം : നപുംസക ശബ്ദങ്ങളെ കുറിക്കുന്നു. കൾ ആണ് പ്രത്യയം

ഉദാ: മരങ്ങൾ, വീടുകൾ

2.2. അലിംഗ ബഹുവചനം : പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തത്. സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്ന വചനം. അർ, മാർ, കൾ എന്നിവ തന്നെ ഇവിടെയും പ്രത്യയങ്ങൾ.

ഉദാ: സമർത്ഥർ, മിടുക്കർ

2.3. പൂജക ബഹുവചനം : അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്നവ

ഉദാ: ഭീഷ്മർ, അവർകൾ, ഗുരുക്കൾ

മുൻവർഷ ചോദ്യങ്ങളിൽ നിന്ന്

1. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. "ഓട്" എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് (LDC Alappuzha 2014)

a) നിർദ്ദേശിക       b) പ്രതിഗ്രാഹിക      c) സംബന്ധിക        d) സംയോജിക

ഉത്തരം : d) സംയോജിക

2. അമ്മ കട്ടിലിൽ ഇരുന്നു. ഇതിൽ വരുന്ന വിഭക്തി ഏത് (LDC Ernakulam 2014)

a) പ്രയോജിക        b) ആധാരിക       c) സംയോജിക       d) പ്രതിഗ്രാഹിക

ഉത്തരം : b) ആധാരിക

3. അവൻറെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു.(LDC Malappuram 2014)

a) നാമം      b) ക്രിയ    c) കൃത്ത്      d) തദ്ധിതം

ഉത്തരം : d) തദ്ധിതം (ഒരു വിശേഷണത്തെ കുറിക്കുന്ന പദം)
                                                                                                                          (തുടരും)

No comments:

Post a Comment