Monday, May 1, 2017

മലയാളം 1


2017 LDC പരീക്ഷകൾക്ക് തുടക്കം കുറിക്കാൻ ഇനി 46 ദിവസങ്ങൾ (തിരുവനന്തപുരം, മലപ്പുറം) മാത്രം അവശേഷിക്കെ നമുക്ക് ഇനി നമ്മുടെ മാതൃഭാഷ ആയ മലയാളത്തിൽ നിന്നും എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം. എന്തുകൊണ്ട് മലയാളം ഞാൻ അവസാനത്തേക്ക് വെച്ചു എന്ന് ചോദിച്ചാൽ ആ വിഭാഗത്തിലെ പാഠഭാഗങ്ങൾക്ക് ഒരു പ്രത്യേക പഠനം ആവശ്യമായത് കൊണ്ടാണ് എന്ന് എനിക്ക് പറയാനുള്ളത്. മറ്റു ഭാഗങ്ങൾ പോലെ വിശദമായ, സമയമെടുത്തുള്ള ഒരു പഠനം ഇവിടെ ആവശ്യമില്ല. മലയാളം അത്ര സിംപിൾ ആയത്കൊണ്ടല്ല. ഇംഗ്ലീഷ് ക്ലാസ്സിൻറെ തുടക്കത്തിൽ പറഞ്ഞപോലെ മുഴുവൻ മാർക്കും ഇവിടെ നിന്നും നേടാമെന്ന് പ്രതീക്ഷിക്കേണ്ട എന്ന് മാത്രമല്ല പരിചയക്കാരനായി നടിച്ച് ഏറ്റവും കൂടുതൽ തെറ്റുകൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഭീകരനാണിവൻ. അതിനാൽ സിലബസിൽ പറഞ്ഞ ഭാഗങ്ങൾ നന്നായി പഠിക്കുക. ചോദ്യങ്ങൾ ആൻസർ ചെയ്യുമ്പോൾ 100 ശതമാനം ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്യുക. ഇല്ലെങ്കിൽ വിട്ടു കളയുക. മലയാളം അങ്ങനെ വിടാമോ എന്ന് വാശി പിടിച്ചാൽ തെറ്റും. അതിന് വലിയ വില കൊടുക്കേണ്ടതായും വരും.

ഇനി നമുക്ക് സിലബസിൽ പറഞ്ഞിരിക്കുന്ന പാഠഭാഗങ്ങളിലേക്ക് നോക്കിത്തുടങ്ങാം.

നാമം

നാമം മൂന്ന് വിധം. ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം.

1. ഒരു ദ്രവ്യത്തിൻറെ നാമത്തെ കുറിക്കുന്ന ശബ്ദം 

ഉദാ: കടുവ, വെളുപ്പ്, കാക്ക 

ദ്രവ്യനാമത്തെ നാലായി തിരിക്കാം 

1.1. സംജ്ഞാ നാമം: ഒരു ആളിന്റെയോ, സ്ഥലത്തിൻറെയോ, വസ്തുവിന്റെയോ പേരായ ശബ്ദം 

ഉദാ: അനൂപ്, പൊള്ളേത്തൈ, PSC ക്ലാസ്സ്മുറി 

1.2. സാമാന്യ നാമം: വ്യക്തികളോ, വസ്തുക്കളോ ചേർന്നുള്ള ഒരു കൂട്ടത്തെ സാമാന്യമായി പറയാൻ ഉപയോഗിക്കുന്ന ശബ്ദം 

ഉദാ: ജനങ്ങൾ, പുഴ, നഗരം, കെട്ടിടങ്ങൾ 

1.3. മേയനാമം : ജാതി വ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളുടെ പേരിനെ കുറിക്കുന്ന ശബ്ദം 

ഉദാ: മേഘം, കാറ്റ്, പാറ 

1.4. സർവ്വനാമം : നാമങ്ങൾക്ക് പകരം നിൽക്കുന്ന നാമതുല്യമായ ശബ്ദം 

ഉദാ: അവൻ, അവൾ, അത് 

സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

1.4.1. ഉത്തമപുരുഷൻ : സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്ന പദങ്ങൾ 

ഉദാ: ഞാൻ, ഞങ്ങൾ, നാം, നമ്മൾ 

1.4.2. മധ്യമപുരുഷൻ : ഏതൊരാളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്ന നാമപദം 

ഉദാ: നീ, നിങ്ങൾ, താങ്കൾ 

1.4.3. പ്രഥമപുരുഷൻ : രണ്ടുപേർ തമ്മിൽ ആരെക്കുറിച്ചാണോ സംസാരിക്കുന്നത് അതിന് പകരം നിൽക്കുന്ന ശബ്ദം 

ഉദാ: അവൻ, അത്, അദ്ദേഹം 

2. ഗുണനാമം : എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മത്തെ കാണിക്കുന്ന ശബ്ദം 

ഉദാ: മണം, ഉയരം, തിളക്കം 

3. ക്രിയാ നാമം: ഏതെങ്കിലും പ്രവൃത്തിയുടെ പേരിനെ കുറിക്കുന്ന ശബ്ദം 

ഉദാ: ഓട്ടം, ചാട്ടം, തൂക്കം 

ക്രിയ 

പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. ഇതിന് കൃതി എന്നും വിന  എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയയെ പ്രധാനമായും എട്ടായി തിരിച്ചിരിക്കുന്നു.

1. സകർമ്മക ക്രിയ : ഒരു ക്രിയാ ശബ്ദം കേൾക്കുമ്പോൾ ആരെ, എന്തിനെ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ലഭിക്കുകയാണെങ്കിൽ സകർമ്മകം. കർമ്മം ഉള്ള ക്രിയ സകർമ്മക ക്രിയ എന്ന് പറയാം 

ഉദാ: അടിക്കുക (ആരെ അടിച്ചു), വായിക്കുക (എന്ത് വായിക്കുന്നു), തിന്നുക (എന്ത് തിന്നുന്നു)

2. അകർമ്മക ക്രിയ : കർമ്മം ഇല്ലാത്ത ക്രിയ. ആരെ, എന്തിനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തി ഉണ്ടാകില്ല.

ഉദാ: ഇരിക്കുക, ഓടുക, ഉറങ്ങുക.

3. കേവലക്രിയ : പരപ്രേരണയോട് കൂടിയല്ലാതെ ചെയ്യാവുന്ന ക്രിയകൾ. വർത്തമാനകാല രൂപങ്ങളാണിവ. 

ഉദാ: എഴുതുന്നു, കേൾക്കുന്നു, കാണുന്നു.

4. പ്രയോജക ക്രിയ : പരപ്രേരണയോട് കൂടിയ ക്രിയകളാണ് പ്രയോജക ക്രിയകൾ. "പ്പി" എന്ന ശബ്ദം പ്രയോജക ക്രിയകളിൽ കാണും.

ഉദാ: കഴിപ്പിക്കുന്നു, പഠിപ്പിക്കുന്നു, കേൾപ്പിക്കുന്നു 

5. കാരിതം : കേവലക്രിയയിൽ "ക്കു" ഉള്ളത് കാരിതം 

ഉദാ: പറക്കുന്നു, കളിക്കുന്നു, പഠിക്കുന്നു 

6. അകാരിതം : കേവലക്രിയയിൽ "ക്കു" ഇല്ലാത്തത് 

ഉദാ: എറിയുന്നു, ചാടുന്നു, പറയുന്നു.

7. മുറ്റുവിന : മറ്റൊരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നിൽക്കുന്ന ക്രിയ. പൂർണതയുള്ള ക്രിയാരൂപം 

ഉദാ: കണ്ടു, പറഞ്ഞു, പോയി 

8. പറ്റുവിന : നാമത്തെയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയയാണ് പറ്റുവിന 

ഉദാ: എഴുതുന്ന, കണ്ട, പോയ 

പറ്റുവിനയെ പേരെച്ചമെന്നും വിനയെച്ചമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

8.1. പേരെച്ചം : പേരിനെ അല്ലെങ്കിൽ നാമത്തെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണക്രിയ. നാമംഗജം എന്നും അറിയപ്പെടുന്നു.

ഉദാ: ഓടുന്ന വണ്ടി, കരയുന്ന കുഞ്ഞ് 

8.2. വിനയെച്ചം : പൂർണ്ണ ക്രിയയെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണ ക്രിയ. ക്രിയാംഗജം എന്നും പറയുന്നു 

ഉദാ: ഒടിഞ്ഞു വീണു, പറിച്ചു നട്ടു 

വിനയെച്ചത്തെ അഞ്ചായി വീണ്ടും തിരിച്ചിരിക്കുന്നു.

8.2.1. മുൻവിനയെച്ചം : പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.

ഉദാ: ചെന്ന് പറഞ്ഞു (ചെന്ന് എന്നുള്ളത് ഭൂതകാലം), വന്നു കണ്ടു.

8.2.2. പിൻവിനയെച്ചം : ഭാവികാലത്തെ സൂചിപ്പിക്കുന്നു. "ആൻ എന്ന പ്രത്യയം ചേർക്കുന്നു.

ഉദാ: കാണുവാൻ വന്നു. പറയാൻ നിന്നു 

8.2.3. തൻവിനയെച്ചം : പ്രധാനക്രിയയോടൊപ്പം അപ്രധാന ക്രിയയും നടക്കുന്നത്. "ഏ", "ആവേ" എന്നീ പ്രത്യയങ്ങൾ കാണും 

ഉദാ: ഇരിക്കവേ കണ്ടു. കേൾക്കവേ പറഞ്ഞു 

8.2.4. നടുവിനയെച്ചം : കേവലമായ ക്രിയാരൂപത്തെ കാണിക്കുന്നു. "അ", "ക", "ഉക" എന്നിവയാണ് പ്രത്യയങ്ങൾ 

ഉദാ: കാണുക വേണം, ചെയ്യുക വേണം 

8.2.5. പാക്ഷിക വിനയെച്ചം : ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്നു. ആൽ, ഇൽ, കൽ, ആകിൽ, എങ്കിൽ ഇവയെല്ലാം പ്രത്യയങ്ങളാണ്.

ഉദാ: ചെന്നാൽ കാണാം, കൊടുക്കുകിൽ കിട്ടും.

മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളിലൂടെ.

1. ജാതി വ്യക്തി ഭേദമില്ലാത്ത നാമം (LDC Thiruvananthapuram 2014)

a) സർവ്വ നാമം    b) മേയനാമം    c) സാമാന്യ നാമം    d) ക്രിയാനാമം 

ഉത്തരം : d) മേയനാമം 

2. താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത്? (LDC Kollam 2014)

a) നടത്തുന്നു       b) ഉറക്കുന്നു      c) കാട്ടുന്നു      d) എഴുതുന്നു 

ഉത്തരം : d) എഴുതുന്നു

3. മേയനാമത്തിന് ഉദാഹരണം (LDC Thrissur 2014)

a) മണ്ണ്   b) ഭാര്യ   c) പോത്ത്   d) പശു 

ഉത്തരം : a) മണ്ണ്
                                                                                                                     (തുടരും) 

1 comment: