Wednesday, October 11, 2017

പരീക്ഷ വിശകലനം : കമ്പനി\കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്-ഭാഗം 1


തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഒക്ടോബർ ഏഴാം തിയതി നടന്ന കമ്പനി\ബോർഡ്\കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ പ്രത്യക്ഷത്തിൽ എളുപ്പമെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ ചെറിയ ഒന്നോ രണ്ടോ തെറ്റുകൾക്ക് വരെ വലിയ വില കൊടുക്കേണ്ടതുമായി വരുന്ന രീതിയിൽ ആയിരുന്നു. PSC യുടെ പുതിയ തീരുമാനം നടപ്പിലാക്കപ്പെടുന്നതിന് മുൻപുള്ള അവസാനത്തെ പ്രധാന പരീക്ഷ എന്ന നിലയിൽ ബിരുദധാരികൾ പങ്കെടുക്കുന്ന അവസാന ലാസ്റ്റ് ഗ്രേഡ് പരീക്ഷ ആയേക്കാം ഇപ്പോൾ നടന്നു വരുന്നത്. അതിനാൽ തന്നെ പരീക്ഷയുടെ കട്ട് ഓഫ് വളരെ ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ നാല് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയിൽ കട്ട് ഓഫ് 91 ആയിരുന്നു എന്ന് കൂടെ ചേർത്ത് വായിക്കുമ്പോൾ ആണ് ഞാൻ നേരത്തെ പറഞ്ഞ ലിസ്റ്റിൽ കയറിപ്പറ്റാനുള്ള ബുദ്ധിമുട്ട് മനസിലാകുന്നത്. നമുക്ക് ചോദ്യങ്ങളെ ഒന്ന് വിശകലനം ചെയ്യാം.

ലാസ്റ്റ് ഗ്രേഡ് പരീക്ഷകളുടെ സിലബസുമായി ചേർന്ന് പോകുന്ന ചോദ്യങ്ങളാണ് ഈ പരീക്ഷയിൽ ഉണ്ടായിരുന്നത്. 80 ചോദ്യങ്ങൾ പൊതുവിജ്ഞാനത്തിൽ നിന്നും 20 ചോദ്യങ്ങൾ കണക്കിൽ നിന്നും ആയിരുന്നു. കണക്കിലെ 20 ചോദ്യങ്ങളും ലളിതവും നമ്മുടെ കണക്ക് ക്ലാസുകളിൽ പറഞ്ഞിട്ടുള്ള പാഠഭാഗങ്ങളുമായി ചേർന്ന്പോകുന്നവയും ആയിരുന്നു. ശരാശരി തയ്യാറെടുപ്പ് നടത്തിയ ഉദ്യോഗാർത്ഥിക്ക് ഇതിൽ 19 എണ്ണമെങ്കിലും ശരിയാക്കാവുന്നതാണ്. 

പൊതുവിജ്ഞാനത്തിൽ നിന്നുള്ള 80 ചോദ്യങ്ങളിൽ രണ്ടെണ്ണം ശരിയായ ഉത്തരമില്ലാത്തതിനാൽ പിൻവലിക്കാനുള്ള സാധ്യത ഉള്ളവയാണ്. ശബ്ദത്തിൻറെ ശൂന്യതയിലെ വേഗതയും ജലത്തെ വൈദ്യുതി ഉപയോഗിച്ച് വിഘടിപ്പിച്ച ശാസ്ത്രജ്ഞരുടെ പേരുകളും തന്നിരുന്ന ഓപ്‌ഷനുകളിൽ ഇല്ലായിരുന്നു. ബാക്കിയുള്ള 78 ചോദ്യങ്ങളിൽ ഏകദേശം എല്ലാം തന്നെ നമ്മുടെ മുൻ ക്ലാസുകളിൽ പഠിച്ചവ തന്നെ ആയിരുന്നു. ഏറ്റവും കൂടുതൽ ചോദ്യങ്ങൾ സയൻസ് മേഖലയിൽ നിന്നായിരുന്നു. 25 എണ്ണം. അതിൽ മൂന്നെണ്ണം നമ്മുടെ ക്ലാസുകളിൽ വരാതിരുന്നവയാണ്. റാങ്ക് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അത്തരം ചോദ്യങ്ങൾ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. പ്രധാനപാഠഭാഗങ്ങൾ മിക്കതും കഴിഞ്ഞതിനാൽ ഇനി അതുപോലുള്ള ചോദ്യങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാം. മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്ന വസ്തുവായ ഡെൻറെൻ, കയ്യിൽ ഇരുന്ന് ഉരുകുന്ന ഗാലിയം, സർവ്വിക ദാതാവായ ഓ നെഗറ്റിവ് എന്നിവയാണ് സയൻസ് വിഭാഗത്തിൽ നിന്നുള്ള പ്രശ്‌നക്കാർ.

ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ 15 എണ്ണം വന്നതിൽ ഏകദേശം എല്ലാം തന്നെ നമ്മുടെ പാഠഭാഗങ്ങളിൽ നിന്നുള്ളവ ആയിരുന്നു. കാലവൈശാഖി എന്ന പ്രാദേശികവാതം ഉത്തരസൂചികയിൽ മഴ എന്ന് കണ്ടതിന്റെ ആധികാരികത യഥാർത്ഥ PSC ഉത്തരസൂചിക വന്നശേഷമേ പറയാൻ സാധിക്കൂ. കൗടില്യൻ മന്ത്രിയായിരുന്ന ചന്ദ്രഗുപ്ത മൗര്യനെക്കുറിച്ചും മൗര്യ സാമ്രാജ്യത്തെക്കുറിച്ചും നാം ഇനി പഠിക്കാനുള്ള പാഠഭാഗങ്ങളിൽ പഠിക്കാനുള്ളതാണ്. എങ്കിലും അവ ഉദ്യോഗാർത്ഥികളെ കുഴപ്പിച്ചതായി കരുതാൻ വയ്യ.

ലോകവും ലോകചരിത്രവുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ലോകചരിത്രം ഇവിടെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു എങ്കിലും ചൈനയിലെ കറുപ്പ് വ്യാപാരവും, ഫ്രഞ്ച് വിപ്ലവവും നമ്മുടെ സ്കൂൾ ക്ലാസുകളിലെ മറക്കാനാവാത്ത അദ്ധ്യായങ്ങൾ ആയതിനാൽ ശരിയുത്തരം എഴുതാവുന്നവയായിരുന്നു. മംഗോളിയ എന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ഓടിയെത്തുന്ന രൂപമായ ചെങ്കിസ്ഖാനെക്കുറിച്ച് പ്രത്യേകമായി പഠിച്ചിട്ടില്ലെങ്കിലും ഓപ്‌ഷനിലെ മറ്റ് ഉത്തരങ്ങൾ നമുക്ക് അറിയാവുന്നതിനാൽ ശരിയുത്തരം തിരഞ്ഞെടുക്കാവുന്നതാണ്.

കേരളവുമായി ബന്ധപ്പെട്ട 12 ചോദ്യങ്ങളും നേരിട്ടുള്ളവയായിരുന്നു. കായികരംഗത്ത് നിന്നും വന്ന പ്രണോയ് എന്ന ബാഡ്മിന്റൺ കളിക്കാരനെ പത്രം വായിക്കുന്നവർക്ക് തെറ്റാൻ വഴിയില്ല. ഭരണഘടനയിലെ 5 ചോദ്യങ്ങളും അതേപോലെ നേരിട്ടുള്ളവ ആയിരുന്നു. ആനുകാലികത്തിലെ ചോദ്യങ്ങളും നമ്മൾ കണ്ടു പരിചയിച്ച ചോദ്യങ്ങൾ തന്നെ ആയിരുന്നു.

കല്ലേൽ പൊക്കുടൻ എന്ന കണ്ടൽക്കാടുകളുടെ സംരക്ഷകൻറെ ആത്മകഥ, അന്താരാഷ്ട്ര പ്രകാശവർഷം തുടങ്ങിയവ നമ്മൾ ഈ ക്ലാസ്സ്മുറികളിൽ ഇനി ഉൾപ്പെടുത്തേണ്ട ഭാഗങ്ങൾ ആണ്. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ മലയാളികൾക്ക് ചിരപരിചിതയായ നാമം ആണ്. ചുരുക്കത്തിൽ ഭൂരിപക്ഷം ചോദ്യങ്ങളും അധികം ബുദ്ധിമുട്ട് ഇല്ലാതെ ചെയ്യാവുന്നവയാണ്. അതിനാൽ തന്നെ ഈ പരീക്ഷയുടെ കട്ട് ഓഫ് 85 നും 90 നും ഇടയിൽ വരാനാണ് സാധ്യത. അതായത് 85 ശരിയുത്തരങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ തെറ്റുകൾ ലിസ്റ്റിൽ നിന്നും പുറത്തേക്കുള്ള വഴി തെളിക്കും.

ഈ പരീക്ഷയുടെ രണ്ടാം ഭാഗം ഈ മാസം 28 ആം തിയതിയാണ് നടക്കുന്നത്. അതിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇതേ നിലവാരത്തിലുള്ള ചോദ്യങ്ങൾ തന്നെ പ്രതീക്ഷിക്കേണ്ടതാണ്.അതിനാൽ ഈ പരീക്ഷയെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പഠനരീതി കൈക്കൊള്ളുന്നത് ഉചിതമായിരിക്കും.

No comments:

Post a Comment