ഇപ്രാവശ്യത്തെ LDC പരീക്ഷകളിൽ ആദ്യമായി വന്ന കടുപ്പം കൂടിയ പരീക്ഷയായിരുന്നു എറണാകുളം, കണ്ണൂർ ജില്ലകളുടെ പരീക്ഷ (ജൂലൈ 15). PSC പരീക്ഷകളിൽ ശരിയായ ചോദ്യം എഴുതുന്ന പോലെ പ്രാധാന്യമുള്ളതാണ് തെറ്റായ ഉത്തരങ്ങൾ എഴുതാതെയിരിക്കൽ. ഈ പരീക്ഷ എഴുതിയ മിക്ക ഉദ്യോഗാർത്ഥികൾക്കും പറ്റിയ ഒരു അബദ്ധം പരീക്ഷയിൽ അറിയാവുന്ന ശരിയുത്തരങ്ങൾ എഴുതിയ ശേഷം കഴിഞ്ഞ ജില്ലകളിലെ താരതമ്യേന കടുപ്പം കുറഞ്ഞ പരീക്ഷകളുമായി ഒരു ചെറിയ താരതമ്യം നടത്തൽ ആയിരുന്നു.അവിടെയൊക്കെ 60-70 ഒക്കെ സുഖമായി ചെയ്യാൻ പറ്റിയല്ലോ, അവിടത്തെ കട്ട് ഓഫ് അറുപതിന് മുകളിൽ നിൽക്കുമെന്നാണല്ലോ പറഞ്ഞുകേട്ടത് തുടങ്ങിയ ചിന്തകൾ മനസ്സിൽ ഓടിയെത്തും. ഇതുവരെ എത്ര എണ്ണം ചെയ്‌തെന്ന് നോക്കും. 50+ അല്ലെ ആയുള്ളൂ.അപ്പോൾ ഞാൻ പുറകിലാണ്. കുറച്ചുകൂടെ ആൻസർ ചെയ്തേക്കാം. അങ്ങനെ അറിയില്ലാത്തത് ആണെങ്കിൽ പോലും കുറെ ചോദ്യങ്ങൾക്ക് കൂടെ ഉത്തരം കറുപ്പിക്കുന്നു. കുറഞ്ഞ കട്ട് ഓഫ് ഉള്ള പരീക്ഷകളിൽ ഉദ്യോഗാർത്ഥിയുടെ ഭാഗദേയം നിർണ്ണയിക്കാൻ ഈ കറക്കികുത്തലുകൾക്ക് സാധിക്കും.
നമുക്ക് ഇനി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ ഒന്ന് വിശകലനം ചെയ്ത് നോക്കാം. ഉള്ളത് പറഞ്ഞാൽ നമ്മൾ PSC ക്ലാസ്സ്മുറിയിൽ പഠിക്കാതിരുന്ന ഏതൊക്കെ ചോദ്യങ്ങൾ വന്നു എന്നതിനേക്കാൾ ഇവിടെ എത്ര പഠിച്ച ചോദ്യങ്ങൾ വന്നു എന്ന് നോക്കുന്നതായിരിക്കും എളുപ്പം എന്ന് വിഷമപൂർവ്വം സൂചിപ്പിച്ചു കൊള്ളുന്നു. എന്നിരുന്നാലും കട്ട് ഓഫ് കുറവായിരിക്കും എന്നതാണ് ഇനിയുള്ള പ്രതീക്ഷ.
ഇൻഡ്യാ ചരിത്രത്തിലേക്ക് നോക്കിയാൽ ഹിതകാരിണി സമാജം, താഷ്കെന്റ് കരാർ, ശിവാജിയുടെ അഷ്ടപ്രധാൻ എന്നീ ചോദ്യങ്ങൾ മാത്രമേ നമ്മൾ ഇവിടെ പഠിച്ചതായുള്ളൂ. ബാക്കിയുള്ള രണ്ട് ചോദ്യങ്ങൾ സാധാരണ രീതിയിൽ ഉള്ള ഒരു പഠനത്തിലൂടെ ഉത്തരം കണ്ടെത്താൻ പ്രയാസമുള്ളവ തന്നെ ആയിരുന്നു. മെക്കാളെ പ്രഭുവിൻറെ വാക്കുകൾ, ഗ്രാമീണ ചെണ്ടക്കാരൻ വരച്ച നന്ദലാൽ ബോസ് എന്നിവ തന്നെ ഉദാഹരണം. വിശദമായ വായനയിലൂടെ മാത്രം നേടാൻ സാധിക്കുന്ന അത്തരം ചോദ്യങ്ങൾ കൂടെ ഇനിയുള്ള പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
ഭരണഘടനയിൽ നിന്നുള്ള ചോദ്യങ്ങളിൽ ഗാർഹിക പീഡന സംരക്ഷണ നിയമം, വിവരാവകാശനിയമം ബാധകമല്ലാത്ത സംസ്ഥാനം എന്നിവ മാത്രം പഠിച്ചപ്പോൾ പ്രായപൂർത്തി വോട്ടവകാശം മുഖേന ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂർ, പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 330 ആം വകുപ്പ്, ജനഹിത പരിശോധന എന്നിവ ഇനി പഠിക്കാനുള്ള ഭാഗങ്ങളിൽ നിന്നുള്ളവ ആയിരുന്നു. മുഴുവൻ ഭാഗങ്ങളും പഠിക്കാൻ സാധിച്ചവർക്ക് ആ ചോദ്യങ്ങൾ ശരിയാക്കാൻ സാധിച്ചേക്കും.
സാമ്പത്തികം, സാമൂഹിക ക്ഷേമം എന്നീ വിഭാഗങ്ങളിൽ പഞ്ചവത്സര പദ്ധതികൾ, ബോംബെ പദ്ധതി, എന്നിവ പഠിച്ചു കഴിഞ്ഞപ്പോൾ ഇൻഷുറൻസ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട മൽഹോത്ര കമ്മറ്റി, IFC കോഡിലുള്ള 11 ഡിജിറ്റുകൾ എന്നീ ചോദ്യങ്ങൾ നമ്മൾ ഇനി പഠിക്കാനുള്ളവയാണ്. അത്ര എളുപ്പം ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഈ വിഭാഗത്തിൽ ഇനി നമ്മൾ പഠിക്കാനുള്ള മേഖലകളിലേക്ക് വിരൽ ചൂണ്ടുന്നു.
ഇന്ത്യൻ ഭൂമിശാസ്ത്രം, വിദേശകാര്യം തുടങ്ങിയവയിൽ ആങ് സാൻ സൂകിയുടെ പാർട്ടി, ഇന്ത്യ നേപ്പാൾ സംയുക്ത പദ്ധതിയായ കോസി പദ്ധതി, ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്, ഖേത്രി ഖനി, തുടങ്ങി നാല് ചോദ്യങ്ങൾ നമ്മുടെ പാഠങ്ങളിൽ നിന്നും വന്നപ്പോൾ ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ് പത്രം എന്ന ജനറൽ ചോദ്യം ഇനി ഉൾപ്പെടുത്താനുള്ള പാഠഭാഗമായ പത്രങ്ങൾ എന്ന വിഭാഗത്തിൽ നിന്നുള്ളതാണ്. നന്നായി തയ്യാറെടുത്ത ഉദ്യോഗാർത്ഥികൾക്ക് അത് ശരിയാക്കാൻ സാധിച്ചിട്ടുണ്ടാകണം.
കേരളത്തിലേക്ക് മടങ്ങുമ്പോൾ കേരളാ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്. അതിൽ സ്വകാര്യമേഖലയിലെ ആദ്യ ജലസേചന പദ്ധതി, തിരുവനന്തപുരത്തെ ലീഗ്‌നേറ്റ് നിക്ഷേപം, കേരളത്തിലെ ജനസാന്ദ്രത, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി, എന്നിവ നമ്മൾ പഠിച്ചപ്പോൾ കർണ്ണാടകത്തിൽ നിന്നും കേരളത്തോട് ചേർക്കപ്പെട്ട ഹൊസ്ദുർഗ്, വൈക്കം സത്യാഗ്രഹത്തിൽ ആദ്യദിനം സത്യാഗ്രഹം ഇരിക്കാൻ സാധിക്കാഞ്ഞ കെ പി കേശവമേനോൻ എന്നിവ പഠിക്കാത്ത ചോദ്യങ്ങൾ ആയിരുന്നു. ഇതിൽ വൈക്കത്തെ ചോദ്യം ഞാൻ കൂട്ടിയാൽ കൂടാത്തതും ഹൊസ്ദുർഗ് ഇനി ചേർക്കാനുള്ള ചോദ്യവും ആയിരുന്നു.
കറൻറ് അഫയേഴ്സിൽ കേരളത്തിലെ ഇപ്പോളത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി, ഇപ്പോളത്തെ മനുഷ്യാവകാശ ചെയർമാൻ, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി എന്നിവ നമ്മൾ പഠിച്ചു കഴിഞ്ഞപ്പോൾ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് എൻറെ കയ്യിൽ നിന്നും വഴുതിപ്പോയ ചോദ്യം തന്നെ ആയിരുന്നു.
സയൻസിലേക്ക് കടക്കുമ്പോൾ ആദ്യം കെമിസ്ട്രി ചോദ്യങ്ങൾ നോക്കാം. ഐസോട്ടോപ്പുകളെ കുറിച്ച് പഠിച്ചവർക്ക് ഐസോട്ടോപ്പുകളെ തിരിച്ചറിയാൻ ഉള്ള ചോദ്യം ശരിയായി മാർക്ക് ചെയ്യാൻ സാധിച്ചേക്കും, മീഥെയ്ൻ, അമോണിയ നിർമ്മാണ പ്രക്രിയ, എന്നിവ നമ്മൾ പഠിച്ച ചോദ്യങ്ങൾ തന്നെ എന്നാൽ മൂന്ന് ഗ്ളൂക്കോസിലെ ആറ്റങ്ങളുടെ എണ്ണം 72 ആണെന്ന് കണ്ടുപിടിക്കാനുള്ള കണക്ക് നമ്മൾ ഇവിടെ പഠിച്ചിരുന്നില്ല . അതെ പോലെ സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ഇനി പഠിക്കാനുള്ള പാഠഭാഗം ആണ്.
ഭൗതികശാസ്ത്രത്തിലെ ശബ്ദത്തിൻറെ വിവിധ മാധ്യമങ്ങളിലെ വേഗത, ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രതിഭാസം, എന്നിവ പഠിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ വാന നിരീക്ഷണ കേന്ദ്രമാണ് ആസ്ട്രോസാറ്റ് എന്ന കാര്യവും, ബോയിൽ നിയമം (പരീക്ഷയ്ക്ക് ശേഷം ഉൾപ്പെടുത്തി), താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം എന്നിവ പഠിക്കാൻ സാധിച്ചിരുന്നില്ല.
ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ നിന്നും ഗോയിറ്റർ, അക്ഷയ പദ്ധതി, ആഗോളതാപനം, ഓങ്കോളജി, വിറ്റാമിൻ D, മലമ്പനിയുടെ രോഗകാരി, വനങ്ങൾ ഇല്ലാത്ത ജില്ല , മനുഷ്യരിലെ അസ്ഥികളുടെ എണ്ണം, കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം എന്നിങ്ങനെ മിക്കവാറും എല്ലാ ചോദ്യങ്ങളും നമ്മൾ പഠിച്ച ഭാഗത്തു നിന്നും തന്നെ വന്നപ്പോൾ സ്വയം പ്രതിരോധവൈകല്യമായ അലർജി അലർജിയായി തന്നെ മാറി.
കണക്ക് മെന്റൽ എബിലിറ്റി എന്ന ഭാഗത്തു നിന്നും നമ്മൾ പഠിച്ച പാഠഭാഗങ്ങൾ ആയ കലണ്ടർ, BODMAS, ശ്രേണി, കൃത്യങ്കങ്ങൾ, സമവാക്യങ്ങൾ, വയസ്, പരപ്പളവ് കണ്ടുപിടിക്കൽ, അംശബന്ധം, ഭിന്ന സംഖ്യകൾ, ഗോളങ്ങൾ, ലാഭനഷ്ടങ്ങൾ, തുടങ്ങി മിക്ക ചോദ്യങ്ങളും പഠിച്ചവ തന്നെ ആയിരുന്നു. മാനസിക ശേഷി അളക്കാനുള്ള ചോദ്യങ്ങളും ആലോചിച്ച് ഉത്തരം കണ്ടുപിടിക്കാവുന്നവ തന്നെ ആയിരുന്നു (ജനറൽ നോളജ് വിഭാഗത്ത് നിന്നും കേട്ടിട്ടുപോലും ഇല്ലാത്ത ചോദ്യങ്ങൾ ആലോചിച്ച് സമയം കളയാതെ അത് ഇവിടെ വിനിയോഗിച്ചവർക്ക്).
ഇംഗ്ലീഷ് ചോദ്യങ്ങൾ സാധാരണ തുടർന്ന് പോന്ന അതെ മാതൃക പിന്തുടർന്ന് തന്നെ ആയിരുന്നു. സോമ്‌നിലോകയാണ്ട്, ശരിയായ പടം തുടങ്ങി മൂന്നു ചോദ്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം നമ്മൾ പഠിച്ച ഭാഗങ്ങൾ ആധാരമാക്കിയുള്ള ചോദ്യങ്ങൾ തന്നെ ആയിരുന്നു. പൊതുവെ ബുദ്ധിമുട്ടേറിയ പരീക്ഷയിൽ ഏറ്റവും എളുപ്പമുള്ള ഭാഗം ഇംഗ്ലീഷ് ആയിരുന്നു എന്ന് തന്നെ പറയാം.
മലയാളത്തിൽ എൻ മകൻജെ എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ നീലകണ്ഠൻ മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠം ലഭിച്ച 1996 പൈദാഹം എന്നാൽ വിശപ്പും ദാഹവും നിലാവിൻറെ പര്യായമല്ലാത്ത പനിമതി എന്നിവ പഠിക്കാത്ത ചോദ്യങ്ങൾ ആയിരുന്നു. ബാക്കിയുള്ള ആറ് ചോദ്യങ്ങൾ നാം പഠിച്ചവയിൽ നിന്നും നേരിട്ടും അതിനെ ആധാരമാക്കി ഉള്ളതും ആയിരുന്നു.
മൊത്തത്തിൽ നോക്കിയാൽ പൊതുവിജ്ഞാനത്തിൽ നിന്നുള്ള 32 ചോദ്യങ്ങൾ നമ്മൾ പഠിച്ച ഭാഗത്തു നിന്നും ഏകദേശം മുപ്പതോളം ചോദ്യങ്ങൾ കണക്ക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഗത്ത് നിന്നും ലഭിക്കേണ്ടത് ആണ്. അൻപത് മാർക്ക് വരെ കട്ട് ഓഫ് ആയി വന്നേക്കാവുന്ന ഈ പരീക്ഷയിൽ അറുപത്തിന് മുകളിൽ ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചത് വളരെ സാധ്യത കൂടിയ റാങ്കിൽ എത്തിച്ചേക്കാവുന്ന നേട്ടമായി തന്നെ കരുതാം.
(തുടരും)
No comments:
Post a Comment