Monday, June 19, 2017

പരീക്ഷ വിശകലനം: LDC തിരുവനന്തപുരം\മലപ്പുറം


കഴിഞ്ഞ ദിവസം (17 ജൂൺ) തിരുവനന്തപുരം, മലപ്പുറം LDC പരീക്ഷകളോടെ ഇപ്രാവശ്യത്തെ LDC പരീക്ഷകൾക്ക് തുടക്കം ആവുകയായിരുന്നു. പുതിയ സിലബസ് പ്രകാരമുള്ള ആദ്യ പരീക്ഷ എന്ന നിലയിൽ ഇനി പരീക്ഷ എഴുതാൻ ഉള്ളവർക്കും വളരെ പ്രാധാന്യമേറിയതാണ്. PSC ക്ലാസ്സ്മുറി എന്നപേരിൽ ഈ ബ്ലോഗ് എഴുതാൻ തുടങ്ങിയ ശേഷമുള്ള ആദ്യ LDC പരീക്ഷ എന്ന നിലയിൽ എനിക്കും ഈ പരീക്ഷ വളരെ പ്രാധാന്യമേറിയതാണ്. നമ്മുടെ തയ്യാറെടുപ്പുകൾ ശരിയായ ദിശയിൽ ആണോ എന്നും ഇനി എന്തൊക്കെ വ്യത്യാസങ്ങൾ ആണ് വരുത്തേണ്ടതെന്നും മനസിലാക്കാൻ ഈ പരീക്ഷാ വിശകലനം സഹായിക്കും.

പൊതുവായി പറയാൻ ആണെങ്കിൽ PSC പുറത്തിറക്കിയ LDC സിലബസിൻറെ ചട്ടക്കൂട്ടിൽ നിൽക്കുന്ന രീതിയിൽ ആണ് ചോദ്യങ്ങൾ. പഠിച്ചവർക്ക് 60 മാർക്കിന് മുകളിൽ കിട്ടുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്. നന്നായി പഠിച്ചവർക്ക് 80 അടുത്ത മാർക്ക് തീർച്ചയായും നേടാൻ സാധിക്കും. അതിനാൽ തന്നെ കട്ട് ഓഫ് മാർക്ക് 70-75 തിരുവനന്തപുരത്തും 65-70 മലപ്പുറത്തും വന്നേക്കുമെന്നാണ് എൻറെ ഒരു വിശകലനം. ഇനി ചോദ്യങ്ങളിലേക്ക് കടക്കാം.

ഇന്ത്യ ചരിത്രത്തിൽ PSC ക്ലാസ്സ്മുറി തൊട്ടിട്ടില്ലാത്ത മേഖലയായ മദ്ധ്യകാല ഇന്ത്യയിൽ നിന്നും രണ്ടു ചോദ്യങ്ങൾ ചോദിച്ചു. ഡൽഹി ഭരിച്ച സുൽത്താനേറ്റുകളെ കുറിച്ചുള്ള ചോദ്യം പഠിച്ചിട്ടുള്ളവർക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിലും കൃഷ്ണ ദേവരായരുടെ വംശം ഇത്തിരി കിട്ടാൻ പാടുള്ളത് തന്നെ ആയിരുന്നു. ആധുനിക ഇന്ത്യ ചരിത്രത്തിൽ നിന്നും വന്ന രണ്ടു ചോദ്യങ്ങളും നമ്മുടെ ചരിത്ര ക്ലാസിൽ നിന്നായിരുന്നെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദേശ നയത്തിൻറെ ഭാഗമായ പഞ്ചശീല തത്വങ്ങളിൽ നിന്നുള്ള ചോദ്യം നിസാരമായിരുന്നെങ്കിലും നമ്മൾ വിട്ടുപോയ ഭാഗമാണ്. രണ്ടു ചോദ്യങ്ങൾ മാത്രമേ കേരള ചരിത്രത്തിൽ നിന്നും വന്നുള്ളൂ. അതിൽ പഴശ്ശിരാജയെ കുറിച്ചുള്ള ചോദ്യം നമ്മൾ ഇവിടെ പഠിക്കാനുള്ള ഭാഗമാണ്. വിമോചന സമരം നടന്ന വർഷം, നവോത്ഥാന നായകരുടെ ഭാഗമായി പറഞ്ഞിരുന്നു. 

കേരള ഭൂമിശാസ്ത്രത്തിൽ നിന്നും നാല് ചോദ്യങ്ങൾ വന്നു. ഈ ബ്ലോഗിൽ മുൻപ് പറഞ്ഞിട്ടുള്ള ആ ചോദ്യങ്ങൾ ആരെയും വലച്ചു കാണില്ല. ഇന്ത്യൻ ഭൂമിശാസ്ത്രത്തിൽ നിന്നും അതേപോലെ നാല് ചോദ്യങ്ങൾ ആണ് വന്നത്. അതിൽ ആസാമിലെ നൃത്തരൂപമായ ബിഹുവിനെ കുറിച്ചുള്ള ചോദ്യമൊഴിച്ച് ബാക്കിയെല്ലാം നമ്മൾ ഇവിടെ പഠിച്ചത് തന്നെ.  സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്ന ഭാഗത്ത് നിന്നും അഞ്ചു ചോദ്യങ്ങൾ വന്നു. അതിൽ ഇവിടെ പഠിക്കാത്ത ഏക ചോദ്യം സാധാരണക്കാരെ വലച്ചുകാണുമെന്ന് ഉറപ്പ് (കായിക ഉന്നമനത്തിനായുള്ള പദ്ധതി). സാമ്പത്തിക രംഗത്ത് നിന്നുള്ള സാന്നിധ്യം ബാങ്കുകളുടെ ബാങ്കായ റിസർവ്വ് ബാങ്കിൽ ഒതുങ്ങി. 

ഭരണഘടനയിൽ നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ തന്നെ ആയിരുന്നു. അതിൽ ബാലവേല നിരോധിച്ചുള്ള അനുച്ഛേദം നമ്മൾ ഇവിടെ പഠിക്കാൻ ഉള്ള പാഠഭാഗം ആണെങ്കിലും മിക്കവാറും എല്ലാവരും ശരിയായി എഴുതിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.  മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങൾ വന്നത് അത്ഭുതപ്പെടുത്തി. വെറുതെ അല്ല സിലബസിൽ ആ പേര് പ്രത്യേകമായി കൊടുത്തത്. അങ്ങനെ പുതുതായി പ്രാധാന്യം നൽകപ്പെട്ടിട്ടുള്ള ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മനസിലായി. ആസൂത്രണത്തിൽ നിന്നും നീതി ആയോഗുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് വന്നത്. 

സമകാലികത്തിൽ നിന്ന് വന്ന രണ്ട് ചോദ്യങ്ങളും (സ്പീക്കറും കേന്ദ്ര മന്ത്രിയും) ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിലെ ആയിരുന്നു. യൂറോപ്യൻ യൂണിയൻറെ ആസ്ഥാനം ഏത് വിഭാഗത്തിൽ നിന്നാണെന്നു സത്യത്തിൽ മനസിലായില്ല. ബ്രിക്‌സിറ്റ്‌ സമീപകാലത്ത് നടന്ന കൊണ്ട് സമകാലികത്തിൽ കൊള്ളിക്കുന്നു. എന്തായാലും ഇവിടെ പ്രതിപാദിച്ചിട്ടില്ല.

സയൻസ് വിഭാഗത്തിൽ നിന്നും വന്ന ഇരുപത് ചോദ്യങ്ങളിൽ അഞ്ചെണ്ണം നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത ഭാഗത്ത് നിന്നായിരുന്നു (DTP വാക്സിൻ, ഗ്രീൻ ബെൽറ്റ് മൂവ് മെൻറ്, മലയൻ ഡാർഫ്, അന്തസ്രാവി ഗ്രന്ഥി, പേപ്പട്ടി വിഷബാധ വാക്സിൻ). ബാക്കിയുള്ള 15 എണ്ണം എല്ലാവർക്കും ചെയ്യാൻ പറ്റി കാണും എന്ന് കരുതുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും കാർഷിക വിള, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഓരോ ചോദ്യങ്ങൾ വന്നത് ശ്രദ്ധേയമായി. 

കണക്കിൽ നിന്നും വന്ന ഇരുപത് ചോദ്യങ്ങളിൽ മാനസികശേഷിയുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം നമ്മൾ പഠിച്ച ഭാഗങ്ങളിൽ നിന്നായിരുന്നു. എങ്കിലും നിലവാരത്തിൽ കണക്ക് ശരാശരിക്ക് മുകളിൽ ആയിരുന്നെന്ന് പറയാം. തെറ്റ് വരാൻ സാധ്യത ഉള്ളതും, ചെയ്യാൻ സമയം എടുക്കുന്നതും, ആയിരുന്നു മിക്ക ചോദ്യങ്ങളും എങ്കിലും കൂടുതൽ ചോദ്യങ്ങൾ ചെയ്തു ശീലിച്ചവർക്ക് വലിയ ബുദ്ധിമുട്ട് തോന്നിക്കാണാൻ ഇടയില്ല.

ഇംഗ്ലീഷിൽ ഇരുപതിൽ നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത വൊക്കാബുലറി വിഭാഗത്തിൽ നിന്നും ഏഴ് ചോദ്യങ്ങൾ വന്നു. ഗ്രാമർ വിഭാഗത്തിലെ പതിമൂന്ന് ചോദ്യങ്ങളും നമ്മൾ പഠിച്ച ഭാഗത്തു നിന്നും തന്നെ ആയിരുന്നു.

മലയാളം വിഭാഗത്തിൽ നിന്നുള്ള പത്ത് ചോദ്യങ്ങളിൽ തദ്ധിതം, ചിഹ്നം, ആശാ മേനോൻ എന്നിവ ഒഴിച്ച് ഏഴു ചോദ്യങ്ങളും നമ്മൾ ഇവിടെ പഠിക്കാൻ ഉള്ള മേഖലയിൽ നിന്നാണ് വന്നത്.  പൊതുവെ തെറ്റുകൾ വരുത്തുന്ന പതിവ് ഇക്കുറിയും മലയാളം കാത്ത് സൂക്ഷിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ശരാശരിക്കാരെ വലയ്ക്കുന്ന മലയാളം ചോദ്യങ്ങൾ അറിയാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. 

അങ്ങനെ മൊത്തത്തിൽ നോക്കിയാൽ 70 മാർക്കിനുള്ള ചോദ്യങ്ങൾ PSC ക്ലാസ്സ്മുറിയിൽ നിന്നും വന്നിരുന്നെന്ന് പറയാൻ സാധിക്കും. ആദ്യമായി വന്ന പരീക്ഷയിൽ ഈ ഒരു പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ട്. തുടർന്നുള്ള പരീക്ഷകളിൽ കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ മുന്നേറാൻ ഇത് എനിക്കൊരു പ്രചോദനം ആകുമെന്ന് ഉറപ്പ്. എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

No comments:

Post a Comment