മലയാള ശൈലികൾ (തുടർച്ച)
ചൂണ്ടിക്കൊണ്ട് പോവുക - അപഹരിക്കുക
കാർക്കോടകനയം - രക്ഷിച്ചവനെ ഉപദ്രവിക്കൽ
എടുകെട്ടുക - പഠിത്തം അവസാനിപ്പിക്കുക
ആകാശക്കോട്ട - മനോരാജ്യം
കാടുകയറുക - വേണ്ടാത്തത് കാണിക്കുക\പറയുക
കുംഭകോണം - അഴിമതി
കുറുപ്പില്ലാക്കളരി - നാഥനില്ലായ്‌മ
ആനച്ചന്തം - ആകെയുള്ള അഴക്
കുതിരക്കച്ചവടം - ലാഭേച്ഛ
ഗോപിതോടുക - വിഫലമാവുക
കരിങ്കാലി - വർഗ്ഗവഞ്ചകൻ
ജലരേഖ - പാഴിലാവുക
അഴകിയ രാവണൻ - ശൃംഗരിക്കാൻ ഒരുങ്ങി വന്നവൻ
കോടാലിയാവുക - ഉപദ്രവമാകൽ
അഷ്ടമത്തിലെ ശനി - വലിയ കഷ്ടകാലം
അടിക്കല്ല് മാന്തുക - ഉൽമൂലനാശം വരുത്തുക
അമരക്കാരൻ - മാർഗ്ഗദർശകൻ
കടന്നകൈ - അതിരുവിട്ട പ്രവൃത്തി
അക്കരപ്പച്ച - അകലെയുള്ളതിനെ പറ്റി ഭ്രമം
അട്ടിപ്പേറ് - സ്വന്തവും ശാശ്വതവുമായി ലഭിച്ചത്
ആളുവില കല്ലുവില - ആളിൻറെ പദവിക്ക് സ്ഥാനം
ഇടിത്തീ - കഠിനഭയം
കാക്ക പിടുത്തം - സേവകൂടൽ
ചെമ്പ് തെളിയിക്കുക - പരമാർത്ഥം വെളിപ്പെടുക
സാധൂകരിക്കുക - ന്യായീകരിക്കുക
കിടിലം കൊള്ളിക്കുക - ഭയപ്പെടുത്തുക
പുസ്തകപ്പുഴു - എപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നവൻ
ആട്ടിൻകുട്ടി ചമയുക - നിഷ്കളങ്കത ഭാവിക്കുക
ഉപ്പ് കൂട്ടി തിന്നുക - നന്ദി കാണിക്കുക
കുടത്തിലെ വിളക്ക് - അപ്രകാശിതമായ യോഗ്യത
കണ്ഠക്ഷോഭം - നിഷ്ഫലമായ സംസാരം
ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക
ഒന്നും രണ്ടും പറയുക - വാഗ്വാദം ചെയ്യുക
കാറ്റുള്ളപ്പോൾ തൂറ്റുക - അവസരം നോക്കി പ്രവർത്തിക്കുക
കഞ്ഞിയിൽ പാറ്റ വീഴുക - ഉപജീവനമാർഗ്ഗം മുട്ടുക
ഇലയിട്ട് ചവിട്ടുക - അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക
അറുത്ത് മുറിച്ച് പറയുക - തീർത്ത് പറയുക
ഇരുട്ടടി - അപ്രതീക്ഷിതമായ ഉപദ്രവം
ഉമ്മാക്കി കാട്ടുക - വെറുതെ പേടിപ്പിക്കുക
വെളിച്ചപ്പാട് തുള്ളുക - വിറളി പിടിക്കുക
വിത്തെടുത്ത് കുത്തുക - കരുതൽ ധനം ചിലവ് ചെയ്യുക
മുടന്തൻ ന്യായം - ദുർബലമായ സമാധാനം
പൂച്ചയ്ക്ക് മണികെട്ടുക - അവിവേകമായ ഉദ്യമം
തോളിൽ കയറ്റുക - അമിതമായ ലാളിക്കൽ
അഗ്നിപരീക്ഷ - കഠിനമായ പരീക്ഷണം
അത്താണി - ആശ്വാസകേന്ദ്രം
അഞ്ചാംപത്തി - അവസരവാദി
അധരവ്യായാമം - വ്യർത്ഥഭാഷണം
അസുരവിത്ത് - ദുഷ്ട സന്തതി
ആ ചന്ദ്രതാരം - എക്കാലവും
ഏട്ടിലെ പശു - പ്രയോജനമില്ലാത്ത വസ്തു
ഇരട്ടത്താപ്പ് - പക്ഷപാതം
ഏകാദശി നോക്കുക - പട്ടിണി കിടക്കുക
തിരയെണ്ണുക - നിഷ്ഫലമായ പ്രവൃത്തി
ഓണം കേറാമൂല - അപരിഷ്കൃത മേഖല
ഏഴാംകൂലി - ഏറ്റവും നിസാരം
കടലാസുപുലി - പേരിൽ മാത്രം ശക്തൻ
കല്ലുകടിക്കുക - അസുഖകരമായി പരിണമിക്കുക
കാവ് തീണ്ടുക - അഴിഞ്ഞാടുക
ഉരുക്കഴിക്കുക - ആവർത്തിക്കുക
ധൃതരാഷ്ട്രാലിംഗനം - ഉള്ളിൽ പകവെച്ചുള്ള സ്നേഹപ്രകടനം
ധൂമകേതു - നാശകാരി
നാരദൻ - ഏഷണിക്കാരൻ
ഗുളികകാലം - അശുഭവേള
ധനാശി പാടുക - അവസാനിപ്പിക്കുക
ഉണ്ടചോറിൽ കല്ലിടുക - നന്ദികേട് കാണിക്കുക
ഇരുട്ടുകൊണ്ട് ഓട്ടയടക്കുക - താൽക്കാലിക പരിഹാരം
പൊയ്‌മുഖം - കപടഭാവം
സുഗ്രീവാജ്ഞ - നീക്കുപോക്കില്ലാത്തത്
ഭഗീരഥ പ്രയത്നം - സോദ്ദേശ്യപരമായ കഠിനപ്രയത്നം
നെല്ലിപ്പടി കാണുക - അടിസ്ഥാനം വരെ ചെല്ലുക
ഭീഷ്മപ്രതിജ്ഞ - കഠിനശബ്ദം
വ്യാഴദശ - ഭാഗ്യകാലം
അക്ഷയപാത്രം - വിഭവങ്ങൾ ഒടുങ്ങാത്തത്
ഉർവ്വശീശാപം ഉപകാരം - ദോഷം ഗുണമായി ഭവിക്കുക
ദീപാളി കുളിക്കുക - നിർധനനാകുക
ഭൈമീകാമുകന്മാർ - സ്ഥാനമോഹികൾ
ഭരതവാക്ക്യം - അവസാനം
ചിറ്റമ്മനയം - പക്ഷപാതം
വൈതരണി - ദുർഘടം
കേളികൊട്ട് - ആരംഭം
ഉദരപൂരണം - ഉപജീവനം
തലയണമന്ത്രം - രഹസ്യഉപദേശം
തീട്ടൂരം - അനുമതി
ദന്തഗോപുരം - സാങ്കൽപ്പിക സ്വർഗ്ഗം
ചിത്രവധം - ക്രൂരശിക്ഷ
കായംകുളം വാൾ - രണ്ടുവശത്തും ചേരുന്നയാൾ
ശ്ലോകത്തിൽ കഴിക്കുക - സംഗ്രഹിക്കുക
ചുവപ്പുനാട - അനാവശ്യമായ കാലതാമസം
നാന്ദികുറിക്കുക - ആരംഭിക്കുക
നൂലാമാല - കുഴപ്പം
ഇഞ്ചികടിക്കുക - ദേഷ്യപ്പെടുക
അലകും പിടിയും മാറ്റുക - മുഴുവൻ മാറ്റി പണിയുക
കടലിൽ കായം കലക്കുക - നിഷ്ഫലമായ പ്രവൃത്തി
അളമുട്ടുക - ഗതിയില്ലാതാവുക
മൂക്കിൽ കയറിടുക - നിയന്ത്രിക്കുക
പതം വരുത്തുക - ബുദ്ധിമുട്ടുക
അന്യം വരുക - അവകാശികൾ ഇല്ലാതാവുക
പടലപിണങ്ങുക - അടിയോടെ തെറ്റുക
മുയൽ കൊമ്പ് - ഇല്ലാത്തവസ്തു
കതിരിൽ വളം വെയ്ക്കുക - കാലം തെറ്റി പ്രവർത്തിക്കുക
കുളിക്കാതെ ഈറനുടുക്കുക - കുറ്റം ചെയ്യാതെ പഴിയേൽക്കുക
കുടം കമഴ്ത്തി വെള്ളം ഒഴിക്കുക - ഫലമില്ലാത്ത പ്രവൃത്തി
കടുവയെ കിടുവ പിടിക്കുക - ബലവാനെ ദുർബലൻ തോൽപ്പിക്കുക
അരമനരഹസ്യം അങ്ങാടിപ്പാട്ട് - ഒരിടത്ത് രഹസ്യം മറ്റൊരിടത്ത് പരസ്യം
ഉച്ചിവെച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക - സംരക്ഷിക്കുന്നവൻ തന്നെ സംഹരിക്കുക
(തുടരും)
No comments:
Post a Comment