Tuesday, January 24, 2017

ഭരണ ഭാഷ മലയാളം 3

മലയാളം വിഭാഗത്തിൽ പൊതുവേ കണ്ടുവരാറുള്ള ചോദ്യങ്ങളുടെ ഘടന താഴെ പറയും വിധമാണ്.

1) അർത്ഥത്തെ ചോദിക്കുന്ന ഒരു ചോദ്യം. ഇത് ചിലപ്പോൾ നേരിട്ട് ഒരു വാക്ക് തന്നിട്ട് അർത്ഥം പറയാനോ, പര്യായ പദങ്ങൾ തന്നിട്ട് ചോദ്യത്തിലെ വാക്കിൻറെ അർത്ഥം വരാത്ത പദം കണ്ടെത്താനോ ചോദിക്കും.

ഉദാ:

താഴെ തന്നിരിക്കുന്നവയിൽ ഭൂമി എന്നർത്ഥം വരാത്ത പദം(ആലപ്പുഴ LDC 2014)
a) ധര    b)ക്ഷോണി   c)വാരിധി     d) ക്ഷിതി

ഉത്തരം കടൽ എന്നർത്ഥം വരുന്ന വാരിധി ആണ്.

കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം (തിരുവനന്തപുരം LDC 2014)
a) വീണ     b) മണ്ണ്    c) കാരക്ക      d) കാക്ക

ഉത്തരം കാക്ക ആണ്.

2) ശരിയായ പദം തിരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം. ഇതും നേരിട്ടോ ഒരു വാക്യത്തിൽ നിന്ന് തിരഞ്ഞെടുക്കാനോ ആകാം

ഉദാ:

ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു.ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
a) മാതൃത്വത്തിന്റെ   b) കവിയത്രിയായും    c) കവിയായും    d) അറിയപ്പെടുന്നു
(ആലപ്പുഴ LDC 2014)

ഉത്തരം കവിയത്രിയായും എന്നതാണ്. കവയിത്രി എന്നതാണ് ശരിയായ രൂപം

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത്?
a) അസ്ഥമയം    b) അസ്ഥിവാരം    c) അസ്തമനം    d) അസ്തിവാരം
(മലപ്പുറം LDC 2011)

ഉത്തരം അസ്ഥിവാരം എന്നതാണ്

3) സന്ധി\സമാസത്തെ കുറിക്കുന്ന ഒരു ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 2 വിൽ പ്രതിപാദിച്ചിരിക്കുന്നു.

4) ഒരു കഥാപാത്രത്തിൻറെ സ്രഷ്ടാവ് അല്ലെങ്കിൽ കൃതിയെക്കുറിച്ചുള്ള ചോദ്യം. മലയാളത്തിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളെയും അവരുടെ സ്രഷ്ടാക്കളെയും അവർ പ്രത്യക്ഷപ്പെട്ട കൃതികളെയും താഴെ കൊടുത്തിരിക്കുന്നു.

കഥാപാത്രം :      കൃതി :        സ്രഷ്ടാവ്
കുന്ദൻ  : മരുഭൂമികൾ ഉണ്ടാകുന്നത്    : ആനന്ദ്
നജീബ്  : ആടുജീവിതം    :  ബെന്യാമിൻ
ഭീമൻ    : രണ്ടാമൂഴം     : എം ടി
മല്ലൻ\മാര       : നെല്ല്   : പി. വത്സല
മദനൻ\ചന്ദ്രിക   : രമണൻ  : ചങ്ങമ്പുഴ
രവി\അപ്പുക്കിളി\മൈമൂന  : ഖസാക്കിൻറെ ഇതിഹാസം : ഒ വി വിജയൻ
പപ്പു  : ഓടയിൽ നിന്ന്  : കേശവദേവ്
ഉമ്മാച്ചു\ബീരാൻ\മായൻ   : ഉമ്മാച്ചു   : ഉറൂബ്
വിമല\അമർസിങ്   : മഞ്ഞ്   : എം ടി
സൂരി നമ്പൂതിരിപ്പാട്\മാധവൻ   : ഇന്ദുലേഖ  : ചന്തുമേനോൻ
ശ്രീധരൻ\പാണൻ കണാരൻ : ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട്

5) പ്രശസ്തരായ മലയാളം എഴുത്തുകാരുടെ തൂലികാ നാമങ്ങളെക്കുറിച്ചുള്ള ചോദ്യം

കോവിലൻ      : വി വി അയ്യപ്പൻ
അക്കിത്തം       : അച്യുതൻ നമ്പൂതിരി
അഭയ ദേവ്     : അയ്യപ്പൻ പിള്ള
ആനന്ദ്               : പി. സച്ചിദാനന്ദൻ
ആഷാ മേനോൻ  : കെ ശ്രീകുമാർ
ഇടശ്ശേരി           : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ   : കെ കെ നീലകണ്ഠൻ
ഉറൂബ്               : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ    : കെ എം മാത്യൂസ്
ഒളപ്പമണ്ണ          : എൻ നാരായണ പിള്ള
കപിലൻ           : കെ പത്മനാഭൻ നായർ
കാക്കനാടൻ    : ജോർജ് വർഗീസ്
കുറ്റിപ്പുഴ         : കൃഷ്ണപിള്ള
വിലാസിനി     : എം കെ മേനോൻ
ചെറുകാട്       : സി ഗോവിന്ദ പിഷാരടി
തിക്കൊടിയൻ : പി കുഞ്ഞനന്തൻ നായർ
നന്തനാർ           : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
അയ്യനേത്ത്     : പത്രോസ്
മാലി                  : മാധവൻ നായർ
വി കെ എൻ   : വി കെ നാരായണ നായർ

6) നാമത്തെയോ ക്രിയയെയോ കുറിച്ചുള്ള ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 1 ൽ പ്രതിപാദിച്ചിരിക്കുന്നു.

7) മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡിനെ കുറിച്ചുള്ള ചോദ്യം. വിശദമായി വേറെ ഒരു ക്ലാസ്സിൽ പറയുന്നതായിരിക്കും ഉചിതം.

8) ഏതെങ്കിലും ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം

Living death  : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones unturned : സമഗ്രമായി അന്വേഷിക്കുക

9) ഒരു ശൈലിയുടെ അർത്ഥത്തെ കുറിക്കുന്ന ചോദ്യം

ആലത്തൂർ കാക്ക  : ആശിച്ചു കാലം കഴിക്കുന്നവർ
ആകാശകുസുമം  : നടക്കാത്ത കാര്യം
ഊഴിയം നടത്തുക : ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക
ഏഴാംകൂലി  : അംഗീകാരം ഇല്ലാത്തവൻ
കച്ച കെട്ടുക  : തയ്യാറാവുക

10 ) മലയാള വ്യാകരണങ്ങളായ വിഭക്തി-പ്രത്യയം, കാരകം, ദ്യോതകം, തദ്ധിതം തുടങ്ങിയവയിൽ നിന്നുള്ള ഒരു ചോദ്യം. അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഭാഗത്ത്.
                                                                                                                                    (തുടരും)

No comments:

Post a Comment