Sunday, January 22, 2017

ഭരണ ഭാഷ മലയാളം 1

കേട്ടറിഞ്ഞതിനേക്കാൾ എത്രയോ വലുതാണ് മലയാളം എന്ന സത്യം മനസ്സിലാക്കണമെങ്കിൽ നിങ്ങൾ PSC പരീക്ഷയിലെ മലയാളം വിഭാഗത്തിലെ പത്ത് ചോദ്യങ്ങൾ ചെയ്തു നോക്കണം. നമ്മൾ ശരിയാണെന്ന് വിചാരിച്ച പല വാക്കുകളും ശരിയല്ലായിരുന്നെന്നും അർത്ഥം മനസ്സിലാകാത്ത ഇതിനും മാത്രം വാക്കുകൾ നിറഞ്ഞതാണ് മലയാളം എന്നും അപ്പോൾ മനസ്സിലാകും. മാക്സിമം ഏഴ്- എട്ട് മാർക്കുവരെ ഈ വിഭാഗത്തിൽ നിന്നും നേടിയെങ്കിൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. എല്ലാം ശരിയാക്കാൻ ശ്രമിക്കുന്നതിനേക്കാൾ തെറ്റുകൾ വരുത്താതിരിക്കാനാണ് ഈ വിഭാഗത്തിൽ ശ്രദ്ധിക്കേണ്ടത്. 

ചോദ്യോത്തരങ്ങൾ ആയി മലയാളം വിഭാഗത്തിലെ പാഠഭാഗങ്ങൾ വിവരിക്കുന്നതിനേക്കാൾ പ്രധാന ഭാഗങ്ങൾ ഉദാഹരണസഹിതം വിവരിക്കുന്ന രീതി ആണ് മലയാളത്തിന് ഇവിടെ ഗുണകരം എന്ന് തോന്നുന്നു.

നാമം 

നാമം മൂന്നു തരം : ദ്രവ്യ നാമം, ക്രിയാ നാമം, ഗുണ നാമം.

ദ്രവ്യ നാമം : ഒരു ദ്രവ്യത്തിൻറെ പേരിനെ കുറിക്കുന്നത്. ദ്രവ്യനാമത്തെ നാലായി തിരിച്ചിരിക്കുന്നു.

1) സംജ്ഞാ നാമം : ഒരു ആളിന്റെയോ സ്ഥലത്തിൻറെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാ നാമം എന്ന് പറയുന്നു.

ഉദാ: അനൂപ്, പൊള്ളേത്തൈ, പുസ്തകം 


2) സാമാന്യ നാമം : വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യ  നാമം എന്ന് പറയുന്നു.

ഉദാ: ജനങ്ങൾ, പട്ടണം, സഞ്ചി, യോഗി, കുന്നുകൾ 


3) മേയ നാമം : ജാതിവ്യക്തിഭേദം കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം 

ഉദാ: അഗ്നി, മിന്നൽ, വൈദ്യുതി 

4) സർവ്വ നാമം : നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം 

ഉദാ: അവൻ, അവൾ, അത് 


ഗുണ നാമം : എന്തിന്റെയെങ്കിലും ഗുണത്തെ കാണിക്കുന്ന ശബ്ദം 

ഉദാ: തിളക്കം, മണം, ലാളിത്യം 

ക്രിയ നാമം : ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമം 

ഉദാ: നേട്ടം, ഊഹം, പാട്ട് 

സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

1) ഉത്തമ പുരുഷൻ : സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : ഞാൻ, നാം, എൻറെ

2) മാധ്യമ പുരുഷൻ : ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : നീ, നിങ്ങൾ,താങ്കൾ

3) പ്രഥമ പുരുഷൻ : രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ  അതിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : അവൻ, അവൾ, അത്

ക്രിയ 

പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. കൃതി എന്നും വിന എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയകളെ എട്ടായി തിരിച്ചിരിക്കുന്നു.

1) സകർമ്മക ക്രിയ : കർമ്മം ഉള്ള ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ അടിച്ചു.

2) അകർമ്മക ക്രിയ : കർമ്മം ഇല്ലാത്ത ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ ഉറങ്ങി.

3 ) കേവല ക്രിയ : പരപ്രേരണ ഇല്ലാത്ത ക്രിയകൾ. കേവല ക്രിയയിൽ "ക്കു" എന്ന രൂപം കാണുന്നു.

ഉദാ : എഴുതുന്നു, കേൾക്കുന്നു, പാടുന്നു.

കേവലക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു.

3.1) കാരിതം: കേവലക്രിയയിൽ "ക്കു" ഉള്ളത് കാരിതം.

ഉദാ: പഠിക്കുന്നു, ചോദിക്കുന്നു, കളിക്കുന്നു.

3.2) അകാരിതം: കേവലക്രിയയിൽ "ക്കു" ഇല്ലാത്തത് അകാരിതം.

ഉദാ: തിന്നുന്നു, പാടുന്നു, ഓടുന്നു.

4) പ്രയോജക ക്രിയ : പരപ്രേരണയോട് കൂടിയ ക്രിയകൾ. പ്രയോജക ക്രിയയിൽ "പ്പി" എന്ന രൂപം കാണുന്നു.

ഉദാ : എഴുതിപ്പിക്കുന്നു, കേൾപ്പിക്കുന്നു, കാണിപ്പിക്കുന്നു.

5) മുറ്റുവിന : പൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ടു, പറഞ്ഞു, പോയി

6) പറ്റുവിന : ഒരു പേരിനേയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ട, എഴുതുന്ന, വന്ന, പോയ

പറ്റുവിനയെ രണ്ടായി തിരിച്ചിരിക്കുന്നു.

6.1)പേരെച്ചം : പേരിനെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (നാമാംഗജം)

ഉദാ : കണ്ട സിനിമ, എഴുതുന്ന ബ്ലോഗ് , വന്ന വഴി

6.2)വിനയെച്ചം : പൂർണ്ണക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (ക്രിയാംഗജം)

ഉദാ : ഒടിഞ്ഞു വീണു, പറിച്ചു നട്ടു,ഓടി വന്നു

വിനയെച്ചത്തെ അഞ്ചായി തിരിച്ചിരിക്കുന്നു.

6.2.1) മുൻവിനയെച്ചം : പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.

ഉദാ: ചെന്നു കണ്ടു, നോക്കി നിന്നു, കയറി ചെന്നു

6.2.2) പിൻവിനയെച്ചം : ഭാവികാലത്തെ സൂചിപ്പിക്കുന്നു. "ആൻ" എന്ന പ്രത്യയത്തെ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുവാൻ വന്നു, പറയാൻ നിന്നു

6.2.3) തൻവിനയെച്ചം : പ്രധാന ക്രിയയോടൊപ്പം അപ്രധാന ക്രിയ നടക്കുന്നത്. "ഏ, ആവേ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ഇരിക്കവേ കണ്ടു, നടക്കവേ വീണു

6.2.4) നടുവിനയെച്ചം : കേവലമായ ക്രിയാ രൂപത്തെ കാണിക്കുന്ന വിനയെച്ചം. "അ, ക, കെ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുക വേണം, നടക്കുക തന്നെ

6.2.4) പാക്ഷികവിനയെച്ചം : ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്ന വിനയെച്ചം. "അൽ, കൽ, ഇൽ, ആകിൽ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ചെന്നാൽ കാണാം, പഠിച്ചാൽ ജയിക്കും 
                                                                                                                                   (തുടരും)

No comments:

Post a Comment